ഇനി ശക്തമായ പ്രക്ഷോഭം: ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു
Sunday, February 23, 2025 3:40 PM IST
കൽപറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ സമരം താത്കാലികമായി അവസാനിപ്പിച്ചു. സമരത്തിന്റെ ആദ്യഘട്ടമാണ് അവസാനിക്കുന്നതെന്നും ദുരന്തബാധിതരുടെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും സമര സമിതി മുന്നറിയിപ്പു നല്കി.
ഇനി കുത്തിയിരുപ്പ് സമരം നടത്തും. നിലവിൽ ശ്രുതിക്ക് മാത്രമേ ജോലി നൽകിയുള്ളൂ. ഇനിയും പതിനാല് പേർക്കു കൂടി ജോലി നൽകാനുണ്ടെന്നും അതടക്കം സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നും സമരക്കാർ കൂട്ടിച്ചേർത്തു.
രണ്ടാംഘട്ട കരട് പട്ടിക വൈകുന്നതിലും പുനരധിവസം വൈകുന്നതിലും പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽകെട്ടി സമരം പോലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധക്കാരും പോലീസും തമ്മിൽ പ്രദേശത്ത് ഉന്തുംതള്ളുമുണ്ടായി.
ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒമ്പതു മുതൽ ചൂരൽമലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം. എന്നാൽ, ബെയ്ലി പാലത്തിന് സമീപത്ത് വെച്ച് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതോടെ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.