അയൽവാശിയിൽ ടോസ് പാക്കിസ്ഥാന്; ഇന്ത്യയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്യും
Sunday, February 23, 2025 2:25 PM IST
ദുബായി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് ഫീൽഡിംഗ്. ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാക്കിസ്ഥാൻ നായകൻ മുഹമ്മദ് റിസ്വാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒരു മാറ്റത്തോടെയാണ് പാക്കിസ്ഥാൻ ഇന്നിറങ്ങുന്നത്. ഫഖർ സമാന് പകരം ഇമാം ഉൾ-ഹഖ് അന്തിമ ഇലവനിലെത്തി. അതേസമയം, ബംഗ്ലാദേശിനെതിരേ ഇറങ്ങിയ ടീമിൽ മാറ്റമില്ലാതെയാണ് ഇന്ത്യ എത്തുന്നത്.
ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാന് തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 60 റണ്‍സിനു പരാജയപ്പെട്ടിരുന്നു. ഇന്ത്യയാകട്ടെ ബംഗ്ലാദേശിനെതിരേ ആറു വിക്കറ്റിന്റെ ജയമാഘോഷിച്ചു. ഇന്നു പരാജയപ്പെട്ടാല്‍ പാക്കിസ്ഥാന്റെ സെമി ഫൈനല്‍ സ്വപ്നം ഏകദേശം അസ്തമിക്കും. അതുകൊണ്ടുതന്നെ എല്ലാം സമര്‍പ്പിച്ചുള്ള പോരാട്ടത്തിനാകും പാക്കിസ്ഥാന്റെ തയാറെടുപ്പ്.
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ 135 തവണ ഏറ്റുമുട്ടി. ദുബായിയില്‍ ഇന്ന് അരങ്ങേറുന്നത് അയല്‍വാശിയുടെ 136-ാം പതിപ്പ്. ഏകദിന കൊമ്പുകോര്‍ക്കലില്‍ വിജയത്തിന്റെ കണക്കില്‍ പാക്കിസ്ഥാനാണ് മുന്‍തൂക്കം. 73 മത്സരങ്ങളില്‍ പാക്കിസ്ഥാന് ജയം നേടിയപ്പോള്‍ ഇന്ത്യക്ക് 57 എണ്ണത്തില്‍ മാത്രമാണ് വെന്നിക്കൊടി പാറിക്കാന്‍ സാധിച്ചത്.
ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഇതുവരെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനു സാധിച്ചിട്ടില്ല. എട്ടു തവണ ഏറ്റുമുട്ടിയതില്‍ എട്ടിലും ഇന്ത്യ ജയിച്ചു. അതേസമയം, ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനാണ് മുന്‍തൂക്കം. അഞ്ചു പ്രാവശ്യം ചാമ്പ്യന്‍സ് ട്രോഫി വേദിയില്‍ ഇരുടീമും ഏറ്റുമുട്ടി. മൂന്നു ജയം പാക്കിസ്ഥാന് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യക്കു രണ്ടു പ്രാവശ്യമേ വെന്നിക്കൊടിപാറിക്കാന്‍ സാധിച്ചുള്ളൂ.
ഇന്ത്യ പ്ലേയിംഗ് ഇലവന്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
പാക്കിസ്ഥാൻ പ്ലേയിംഗ് ഇലവൻ: ബാബർ അസം, ഇമാം-ഉൾ-ഹഖ്, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ (ക്യാപ്റ്റൻ), സൽമാൻ ആഘ, തയ്യാൻ താഹിർ, ഖുഷ്ദിൽ ഷാ, ഷഹീൻഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.