യഥാര്‍ഥ്യം പറഞ്ഞതിന് തരൂരിനെ എന്തിനാണ് ആക്രമിക്കുന്നതെന്ന് ഇ.പി. ജയരാജൻ
Sunday, February 23, 2025 2:06 PM IST
തിരുവനന്തപുരം: ശശി തരൂരിനെ പുകഴ്ത്തി സിപിഎം നേതാവ് ഇ.പി. ജയരാജൻ. യാഥാർഥ്യം പറഞ്ഞതിനാണ് ശശി തരൂരിനെപ്പോലൊരു നേതാവിനെ ചിലർ വളഞ്ഞിട്ടാക്രമിക്കുന്നതെന്ന് ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിദ്യാഭ്യാസം, സാമൂഹ്യ നീതി, സാമൂഹിക പ്രതിബദ്ധത, വ്യവസായം, ക്രമസമാധാനം, ജനങ്ങളുടെ സുരക്ഷിതത്വം തുടങ്ങിയ മേഖലകളിലെല്ലാം ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ ശക്തി പ്രാപിച്ചു എന്ന യാഥാർഥ്യമാണ് ശശി തരൂർ വിളിച്ചുപറഞ്ഞത്.
അതിന് എന്തിനാണ് കോൺഗ്രസിന്റെ ഉന്നതനായൊരു നേതാവിനെ കോൺഗ്രസിലെ ചില ഗ്രൂപ്പുകാർ വളഞ്ഞിട്ടാക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അധികാരത്തിനുവേണ്ടിയുള്ള ചിലരുടെ മത്സരങ്ങളാണ് ഇത്തരമൊരു സാഹചര്യം ഇവിടെ സൃഷ്ടിച്ചത്. അധികാരത്തിനുവേണ്ടി ആഗ്രഹിക്കുന്നവർ അതിന് ശ്രമിച്ചിട്ട് കാര്യമില്ല. കേരളം കേരളത്തിന്റേതായ വഴിക്ക് പോകും. ശശി തരൂരിനേപ്പോലുള്ള പ്രഗത്ഭന്മാർ നിരീക്ഷിച്ചതുപോലെ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും വരുമെന്നും ഇ.പി കൂട്ടിച്ചേർത്തു.