ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം; കത്ത് നൽകി ചെന്നിത്തല
Sunday, February 23, 2025 12:11 PM IST
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
പ്രതികൂല സാഹചര്യങ്ങളെ പോലും വകവയ്ക്കാതെ വളരെ സ്തുത്യർഹമായ സേവനം നടത്തി കേരളത്തിന്റെ ആരോഗ്യ മേഖലയെ കോട്ടകെട്ടി കാക്കുന്ന ആശാവർക്കർമാരുടെ ആവശ്യങ്ങൾ തികച്ചും ന്യായമാണ്.
ലഭിക്കുന്ന കൂലിയെക്കാൾ പതിന്മടങ്ങ് സേവനമാണ് ഇവർ ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴിലാളികളേക്കാൾ കുറഞ്ഞ ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നത്. ഇവരുടെ പ്രശ്നങ്ങളെ പുച്ഛത്തോടെ തള്ളിക്കളയാതെ മുഖ്യമന്ത്രി തന്നെ നേരിട്ട് സമരക്കാരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.