ഉരുൾപൊട്ടൽ ഭൂമിയിൽ ദുരന്തബാധിതരുടെ സമരം; ബെയ്ലി പാലത്തിൽ തടഞ്ഞ് പോലീസ്, സംഘര്‍ഷം
Sunday, February 23, 2025 11:33 AM IST
വയനാട്: രണ്ടാംഘട്ട കരട് പട്ടിക വൈകുന്നതിലും പുനരധിവസം വൈകുന്നതിലും പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽകെട്ടി സമരം തടഞ്ഞ് പോലീസ്. ഇതിനു പിന്നാലെ പ്രതിഷേധക്കാരും പോലീസും തമ്മിൽ പ്രദേശത്ത് ഉന്തുംതള്ളുമുണ്ടായി.
ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒമ്പതു മുതൽ ചൂരൽമലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു ദുരന്തബാധിതരുടെ തീരുമാനം. എന്നാൽ, ബെയ്ലി പാലത്തിന് സമീപത്ത് വെച്ച് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതോടെ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
തങ്ങളുടെ ഭൂമിയിൽ തന്നെ പ്രതിഷേധിക്കുമെന്നും നിരാഹാരസമരമടക്കമുള്ള പ്രതിഷേധങ്ങൾ ഉടനുണ്ടാകുമെന്നാണ് സമരക്കാർ പറയുന്നത്. എല്ലാ ഘട്ടത്തിലും ഉറപ്പുകൾ മാത്രമാണ് സർക്കാർ നൽകിയത്. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ സമരം ചെയ്യും. കളക്ടറേറ്റിൽ കുടുംബസമേതം പോയി സമരം ചെയ്യുമെന്നും സമരക്കാർ പ്രതികരിച്ചു.