മെക്സിക്കൻ അതിർത്തി അടച്ചു; സൈനിക തലപ്പത്ത് വൻ അഴിച്ചുപണിയുമായി ട്രംപ്
Sunday, February 23, 2025 6:11 AM IST
വാഷിംഗ്ടൺ: മെക്സിക്കൻ അതിർത്തി അടച്ചും യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിർത്തി സുരക്ഷ, വ്യാപാര വിഷയങ്ങളിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമുമായി കരാറൊപ്പിട്ടതിനു ആഴ്ചകൾക്കകമാണ് അതിർത്തി അടച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
അതിർത്തിയിൽ 10,000 സൈനികരെക്കൂടി അധികമായി വിന്യസിക്കുമെന്നും ട്രംപ് തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അതിനിടെ യുഎസ് സംയുക്ത സൈനിക മേധാവി ജനറൽ സി.ക്യു.ബ്രൗണിനെ ട്രംപ് പുറത്താക്കി.
ബ്രൗണിനൊപ്പം നാവികസേനയിലെയും വ്യോമസേനയിലെയും അഞ്ച് മുതിർന്ന ജനറൽമാരെയും പുറത്താക്കിയിട്ടുണ്ട്. ബ്രൗണിന്റെ നാലുവർഷത്തെ കാലാവധിയിൽ രണ്ടുവർഷം ബാക്കിനിൽക്കെയാണ് നടപടി.
മുൻ ലഫ്റ്റനന്റ് ജനറൽ ഡാൻ റാസിൻ കെയ്നിനെ പുതിയ സംയുക്ത സൈനിക മേധാവിയായി നാമനിർദേശം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഇതാദ്യമായാണ് വിരമിച്ച ഒരാളെ സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.