ഇരിട്ടിയിൽ കോളജ് തുടങ്ങാൻ സിപിഎം പിരിച്ചത് ലക്ഷങ്ങൾ
Saturday, February 22, 2025 10:14 PM IST
കണ്ണൂർ: ഇരിട്ടിയിൽ സിപിഎം നിയന്ത്രണത്തിൽ കോളജ് തുടങ്ങാൻ രൂപീകരിച്ച നോർത്ത് മലബാർ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ മറവിൽ നടന്നത് ലക്ഷങ്ങളുടെ പിരിവ്. എന്നാൽ, ശിലാസ്ഥാപനം നടന്ന് എട്ടുവർഷമായിട്ടും കെട്ടിടം പണി നടന്നിട്ടില്ല. പിരിച്ച പണം എവിടെ പോയെന്ന് കണ്ടെത്താൻ നിയോഗിച്ച പാർട്ടി അന്വേഷണവും പാതിവഴിയിൽ. ഭയം കാരണം പേരും വിലാസവും വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പാർട്ടിപ്രവർത്തകൻ എന്ന് മാത്രം എഴുതിയ കത്തിന്റെ പിന്നാലെ രാഷ്ട്രദീപിക നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കഥ വെളിയിൽ വരുന്നത്.
കാർബൺ വയ്ക്കാതെ മുറിച്ചുനൽകിയ രസീത് ഉൾപ്പടെ തട്ടിപ്പിന്റെ എല്ലാ രേഖകളും രാഷ്ട്രദീപികയ്ക്ക് ലഭിച്ചു. സാധാരണ പ്രവർത്തകരുടെ കൈയിൽനിന്നു പിരിച്ചെടുത്ത പണം എവിടെയെന്ന് ഒരു പിടിയുമില്ല . പേരിനു മാത്രം ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും വളരെ തുച്ഛമായ തുകയാണ് ബാങ്കിൽ എത്തിയിരിക്കുന്നത്. പണമായി ലഭിച്ച തുകകൾ നേതൃത്വത്തെ ഏൽപിച്ചു എന്ന് കീഴ്ഘടകം പറയുമ്പോൾ രസീതുകൾ തിരികെ വാങ്ങി കണക്കുകൾ പരിശോധിക്കാനോ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പരിശോധന നടത്തേണ്ട ഭരണസമിതി കഴിഞ്ഞ എട്ട് വർഷമായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പിരിച്ചത് 1,000 മുൽ 1 ലക്ഷം വരെ
സിപിഎമ്മിന്റെ രണ്ടിലേറെ ഏരിയാ സമ്മേളനങ്ങളിൽ സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ ആവശ്യമായിരുന്നു ഇരിട്ടി കേന്ദ്രീകരിച്ച് പാർട്ടിയുടെ നേതൃത്വത്തിൽ ഒരു കോളജ് ആരംഭിക്കണം എന്നത്. ഇരിട്ടി കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ആർഎസ്എസ് പിന്തുണയുള്ള കോളജിന് പകരമായി ഒരു ജനകീയ കോളജ് എന്ന ആവശ്യത്തിന് സിപിഎം ജില്ലാ-സംസ്ഥാന നേതാക്കൾ അംഗീകാരം നൽകിയതോടെയാണ് 2015 ൽ സിപിഎം ഇരിട്ടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രവർത്തനം ആരംഭിക്കുന്നത്. 2016 -17 സാമ്പത്തിക വർഷത്തിലാണ് സൊസൈറ്റി കോളജിനുവേണ്ടി പൊതുജനങ്ങളിൽ നിന്നു ഷെയർ സ്വീകരിച്ച് തുടങ്ങുന്നത്. ഒരുലക്ഷം രൂപയുടെ എ ക്ലാസ്, 50,000 രൂപയുടെ ബി ക്ലാസ്, 10,000 രൂപയുടെ സി ക്ലാസ് , 5,000 രൂപയുടെ ഡി ക്ലാസ്, 1,000 രൂപയുടെ ഇ ക്ലാസ് ഷെയറുകളായിരുന്നു പിരിച്ചത്. ഇതിനായി സൊസൈറ്റിയുടെ പേരിൽ പതിനായിരക്കണക്കിന് രസീതുകൾ അടിച്ചിറക്കി എല്ലാ ബ്രാഞ്ചുകളിലും എത്തിച്ചു. സാധാരണ പാർട്ടിപ്രവർത്തകർ ഉൾപ്പെടെ നിരവധിപ്പേർ സൊസൈറ്റിയിൽ നിക്ഷേപം നടത്തി.
ശിലാസ്ഥാപനം നടത്തിയത് മന്ത്രി
2017 മാർച്ച് 18 ന് മുൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കെട്ടിട ശിലാസ്ഥാപനം നടത്തുമ്പോൾ സൊസൈറ്റിക്ക് ഒരു സെന്റ് ഭൂമി പോലും സ്വന്തം പേരിൽ ഇല്ലായിരുന്നു. 2017 മുതൽ ഇന്നും സൊസൈറ്റിയുടെ പ്രസിഡന്റ് നിലവിലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യനും ട്രഷററായി കെ.ജി. ദീലീപുമാണ്.
പരാതി ഉയരുന്നു
രണ്ടുവർഷം നിരവധി പേരിൽ നിന്നു ലക്ഷങ്ങൾ പണപ്പിരിവ് നടത്തിയെങ്കിലും കോളജിനെക്കുറിച്ച് യാതൊരു നടപടികളും ആരംഭിക്കാതെ വന്നതോടെ സാധാരണക്കാരായ പാർട്ടി അണികളാണ് ബ്രാഞ്ച് സമ്മേളനം മുതൽ ഏരിയാ സമ്മേളനങ്ങൾവരെ പണപ്പിരിവിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത്.
എത്ര തുക ആരിൽ നിന്നെല്ലാം പണം പിരിച്ചു എന്ന യാതൊരു രേഖകളും സമർപ്പിക്കാതെ വന്നതോടെ അണികളുടെ സംശയം വർധിച്ചു. ഇതോടെ യാണ് സൊസൈറ്റിയുടെ നടത്തിപ്പുകാർക്കെതിരേ ജില്ലാ കമ്മിറ്റിയിൽ പരാതി നൽകുന്നത്. പാർട്ടി പ്രവർത്തകർ നിരന്തരമായി പരാതികൾ ഉന്നയിച്ചതോടെയാണ് പാർട്ടി അന്വേഷണം ആരംഭിക്കുന്നത് .
അന്വേഷണ കമ്മീഷൻ
നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ പേരിൽ നടന്ന പണപ്പിരിവിനെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ സെക്രട്ടറിയേറ്റംഗം പി. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ചു. സംഘം നിരവധിപേരിൽ നിന്നും തെളിവെടുപ്പ് നടത്തി. സൊസൈറ്റിയുടെ മറവിൽ നടന്ന പണപ്പിരിവിനെക്കുറിച്ച് വിശദമായി റിപ്പോർട്ട് സിപിഎം നേതൃത്വത്തിന് നല്കി കഴിഞ്ഞതായും പറയുന്നു.
പണപ്പിരിവ് നേതാക്കളുടെ സമ്മതത്തോടെയോ ?
നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ രജിസ്ട്രേഷൻ പോലും സംശയത്തിന്റെ നിഴലിലാണ്. വാളണ്ടറി സോഷ്യൽ സർവീസ് സൊസൈറ്റി നിയമപ്രകാരമാണ് രജിസ്ട്രേഷൻ എന്നത് ഗൗരവമായ നിയമ പ്രശ്നം തന്നെയാണ്. സൊസൈറ്റിയുടെ ഷെയറുകളായാണ് ചുമതലക്കാർ പണപ്പിരിവ് നടത്തിയത് . സാധാരണ നാട്ടിൻപുറങ്ങളിലെ ക്ലബുകൾക്ക് ലഭിക്കുന്ന രജിസ്ട്രേഷൻ ഉപയോഗിച്ച് എങ്ങനെ സൊസൈറ്റിക്ക് ഷെയർ നല്കാൻ കഴിയുമെന്നതും തട്ടിപ്പിന്റെ മറ്റൊരു മുഖമാണ്.
നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ പേരിലുള്ള പണപ്പിരിവിന് യാതൊരു ഏകീകരണവും ഇല്ലായിരുന്നു എന്നതാണ് യാഥാർഥ്യം. പതിനായിരക്കണക്കിന് രസീതുകൾ അടിച്ചിറക്കി ബ്രാഞ്ചുകളിൽ എത്തിച്ചെങ്കിലും എത്ര രസീതുകൾ മുറിച്ചു നൽകിയെന്നോ ആരൊക്കെ പണം നൽകിയിട്ടുണ്ടെന്നോ 2017 മുതൽ പ്രസിഡന്റായി തുടരുന്ന ബിനോയി കുര്യനോ ട്രഷറർക്കോ അറിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്. പണം നൽകിയവരിൽ ചുരുക്കം പേർക്ക് മാത്രമാണ് സർട്ടിഫിക്കറ്റുകൾ നൽകിയിരിക്കുന്നത്.