ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അമേരിക്ക പണം ചെലവാക്കി; ആരോപണം ആവർത്തിച്ച് ട്രംപ്
Saturday, February 22, 2025 9:53 PM IST
വാഷിംഗ്ടൺ: ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ അമേരിക്ക 170 കോടി ചെലവാക്കിയെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ വോട്ടർ പങ്കാളിത്തം ഉയർത്താൻ ഇത് പോലെ പണം ചെലവഴിക്കാത്തതെന്താണെന്ന് ട്രംപ് ചോദിച്ചു.
നേരത്തെയും ട്രംപ് സമാന പരാമർശവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ 21 മില്യൺ ഡോളർ ഫണ്ട് എത്തിയെന്നാണ് വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചത്.
ഈ പണം കൈക്കൂലിയാണ്. നൽകിയവർക്ക് ഇതിന്റെ വിഹിതം കിട്ടുന്നുണ്ട്. ബൈഡൻ ഭരണകൂടം ഇന്ത്യയിൽ ആരെയോ തെരഞ്ഞെടുക്കാൻ ശ്രമിച്ചു എന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാനുള്ള യുഎസ് സഹായം നിർത്തലാക്കിയതിനു പിന്നാലെയാണ് ആരോപണം.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അമേരിക്ക ഫണ്ട് നൽകി എന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചു. ആരോപണത്തിൽ അന്വേഷണം തുടങ്ങി എന്ന സൂചനയും വിദേശകാര്യ വക്താവ് നൽകി.
വിഷയം രാജ്യത്തെ ബന്ധപ്പെട്ട ഏജൻസികൾ പരിശോധിക്കുന്നതായും മന്ത്രാലയം അറിയിച്ചു. ട്രംപിന്റെ പ്രതികരണത്തിനു പിന്നാലെ വിഷയം ഇന്ത്യയിലും വലിയ രാഷ്ട്രീയ ആരോപണങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.