ചെന്നിത്തല മാന്തിയാൽ അതിൽ കൊത്താൻ എന്നെ കിട്ടില്ല: ബിനോയ് വിശ്വം
Saturday, February 22, 2025 3:12 PM IST
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചെന്നിത്തല മാന്തിയാൽ അതിൽ കൊത്താൻ തന്നെ കിട്ടില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
ചെന്നിത്തല കോൺഗ്രസ് നോക്കിയാൽ മതി. കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ എന്താണെന്നും അദ്ദേഹം ചോദിച്ചു. സതീശനും രമേശനും സുധാകരനുമൊക്കെ ഒന്നിച്ച് നിൽക്കാൻ തന്നെ ബുദ്ധിമുട്ടാനാണ്. അത്തരമൊരു പാർട്ടി എൽഡിഎഫിനെ പഠിപ്പിക്കാൻ വരേണ്ട. മദ്യം നിർമിക്കുന്നതിന് എൽഡിഎഫ് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളത്തേയും കൃഷിയെയും ബാധിക്കുന്ന മദ്യനിർമാണം വേണ്ട എന്നതിലാണ് എൽഡിഎഫിൽ ഭിന്നിപ്പുണ്ടായത്. ഇത് രണ്ടിനെയും ബാധിക്കാത്ത തരത്തിൽ എലപ്പുള്ളി പദ്ധതി നടപ്പിലാക്കാനാണ് എൽഡിഎഫ് തീരുമാനം. ഇതിൽ പരിശോധനയും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രൂവറി വിഷയത്തിലാണ് ബിനോയ് വിശ്വത്തെ വിമർശിച്ച് ചെന്നിത്തല രംഗത്തെത്തിയത്. ബിനോയ് വിശ്വം പറയുന്നതൊന്നും നിങ്ങള്‍ കണക്കിലെടുക്കേണ്ടതില്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നയാളാണ് ബിനോയ് വിശ്വമെന്ന് ചെന്നിത്തല പറഞ്ഞു.
എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട് സിപിഐയുടെ എംഎന്‍ സ്മാരകത്തിൽവച്ചുതന്നെ അദ്ദേഹത്തിന്റെ വായ മുഖ്യമന്ത്രി അടപ്പിച്ചു. അതിന് ശേഷം വായ തുറന്നിട്ടില്ല. അതുകൊണ്ട് ബിനോയ് വിശ്വത്തിന്റെ വാക്കിനൊന്നും ആരും വില കല്‍പ്പിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.