ആറ് ഇസ്രയേൽ ബന്ദികളെ കൂടി കൈമാറുമെന്ന് ഹമാസ്
Saturday, February 22, 2025 2:28 PM IST
ഗാസ സിറ്റി: ആറ് ഇസ്രയേൽ ബന്ദികളെ കൂടി കൈമാറുമെന്ന് ഹമാസ്. ശനിയാഴ്ച മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക വെള്ളിയാഴ്ച ഹമാസ് പുറത്തുവിട്ടിരുന്നു. ഇവരിൽ നാല് പേർ 2023 ഒക്ടോബർ ഏഴിന് നടന്ന ഇസ്രയേൽ ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയവരാണ്.
ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പ് വ്യത്യസ്ത സമയങ്ങളിൽ ഗാസയിലേക്ക് കടക്കുകയും ഹമാസിന്റെ പിടിയിലായവരുമാണ് മറ്റ് രണ്ട് പേർ.
എലിയ കോഹെൻ (27) താൽ ഷോഹം (40) ഒമെർ ഷെം ടോവ് (22), ഒമെർ വെൻകെർട്ട് (23), ഹിഷാം അൽ സയ്യെദ് (36), അവെര മെങ്കിസ്തു (39) എന്നിവരെയാണ് ഹമാസ് ഇന്ന് മോചിപ്പിക്കുന്നത്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെടേണ്ട 33 പേരടങ്ങുന്ന സംഘത്തിലെ അവസാനത്തെ ആറ് പേരെയാണ് ഇന്ന് വിട്ടയക്കുന്നത്. പകരം 602 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.