മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞ് സർക്കാർ കരുതലിലേക്ക്; എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി
Saturday, February 22, 2025 10:06 AM IST
തിരുവനന്തപുരം: ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് സർക്കാർ കരുതലിലേക്ക്. കുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിന്റെ തുടർചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജില്ലാ ആശുപത്രി സൂപ്രണ്ടിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയതിന് പിന്നാലെയാണ് നടപടി. കുഞ്ഞിനെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് വനിതാ-ശിശുവികസന ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വറും രഞ്ജിതയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. പ്രസവത്തിനായി നാട്ടിലേക്കു പോകുന്ന സമയത്തു ട്രെയിനിൽ വച്ചു രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 29ന് ആശുപത്രിയിൽ രഞ്ജിത പെൺകുഞ്ഞിനു ജന്മം നൽകി.
28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളർച്ച. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലെ എൻഐസിയുവിലേക്കു മാറ്റി. അമ്മ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടർന്നു.
അച്ഛൻ രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെ 31ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. ഇതോടെ ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങുകയായിരുന്നു. ആശുപത്രി അധികൃതർ ബന്ധപ്പെട്ടെങ്കിലും ജാർഖണ്ഡിൽ എത്തിയെന്ന എസ്എംഎസ് സന്ദേശം മാത്രമായിരുന്നു മറുപടി.