രഞ്ജി ട്രോഫി: ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഗുജറാത്ത് പൊരുതുന്നു
Wednesday, February 19, 2025 5:55 PM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഗുജറാത്ത് പൊരുതുന്നു. മൂന്നാം ദിനം കളി നിർത്തുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 എന്ന നിലയിലാണ് ഗുജറാത്ത്.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സിലെ സ്കോറിനേക്കാൾ 235 റണ്‍സ് പിറകിലാണ് ഗുജറാത്ത്. പ്രിയങ്ക് പാഞ്ചല്‍ (117), മനന്‍ ഹിഗ്രജിയ (30) എന്നിവരാണ് ക്രീസില്‍. ആര്യ ദേശായിയുടെ (73) വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. നേരത്തെ, മുഹമ്മദ് അസറുദ്ദീന് പുറത്താവാതെ നേടിയ 177 റണ്‍സാണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്.
കേരള സ്പിന്നര്‍മാരായ ജലജ് സക്സേന, ആദിത്യ സര്‍വാതെ എന്നിവരെ ഫലപ്രദമായി നേരിടാന്‍ ഗുജറാത്ത് ഓപ്പണര്‍മാര്‍ക്ക് സാധിച്ചു. ഓപ്പണിംഗ് വിക്കറ്റിലെ 131 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ആര്യ ദേശായിയെ ബൗള്‍ഡാക്കിയ എന്‍.പി.ബേസിലാണ് കേരളത്തിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
118 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് ആര്യ ദേശായി 73 റണ്‍സടിച്ചത്. ദേശായി മടങ്ങിയെങ്കിലും ഗുജറാത്ത് ചെറുത്ത് നില്‍പ്പ് തുടര്‍ന്നു. പ്രിയങ്ക് - മനന്‍ സഖ്യം ഇതുവരെ 91 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇതിനിടെ പാഞ്ചല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.
മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന്റെ പോരാട്ടം ഒരു മണിക്കൂര്‍ മാത്രമാണ് നീണ്ടത്. 187 ഓവര്‍ ബാറ്റ് ചെയ്ത കേരളം 457 റണ്‍സാണ് അടിച്ചത്.