ഡിവൈഎഫ്ഐയുടെ പരിപാടിയിൽ തരൂർ പങ്കെടുക്കില്ല: കെ.സുധാകരൻ
Wednesday, February 19, 2025 3:04 PM IST
കോഴിക്കോട്: ഡിവൈഎഫ്ഐയുടെ പരിപാടിയിൽ ശശി തരൂർ പങ്കെടുക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നേതൃത്വത്തിൽ ഇരുന്ന് പറയാൻ പാടില്ലാത്തതാണ് തരൂർ പറഞ്ഞത്. പക്ഷേ അതിന്റെ പേരിൽ തൂക്കിക്കൊല്ലാൻ പറ്റില്ലെന്ന് സുധാകരൻ പ്രതികരിച്ചു.
നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവം അനുസരിച്ചാണ്. വ്യാവസായിക വളർച്ചയിൽ ശശി തരൂരിന്റെ പ്രസ്താവന പൂർണ അർത്ഥത്തിൽ അല്ല. ചില അർധസത്യങ്ങൾ ഉണ്ടെന്ന മട്ടിൽ ആയിരുന്നു പ്രസ്താവന നടത്തിയത്.
പാർട്ടി തീരുമാനത്തോടെ പ്രശ്നം അവസാനിച്ചു. വലിയ ദ്രോഹമൊന്നും തരൂർ പറഞ്ഞിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ഡിവൈഎഫ്ഐ ക്ഷണിച്ചത്. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരത്താണ് പരിപാടി. എന്നാൽ സൂറത്തിൽ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാൻ ആകില്ലെന്ന് തരൂർ വ്യക്തമാക്കി. അതേസമയം പരിപാടിക്ക് തരൂർ ആശംസകൾ നേർന്നിരുന്നു.
കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനം ഏറെ വിവാദമായ പശ്ചാത്തലത്തിൽ കൂടിയാണ് ഡിവൈഎഫ്ഐയുടെ ക്ഷണം.