പാതിവില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണനെ ഇന്നു കോടതിയില്‍ ഹാജരാക്കും
Wednesday, February 19, 2025 11:52 AM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം പ്രതി അനന്തു കൃഷ്ണനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ട് ദിവസമായി നടന്ന ചോദ്യം ചെയ്യലിലില്‍ പോലീസിന് നല്കിയ മൊഴി അനന്തു ക്രൈംബ്രാഞ്ചിനോടും ആവര്‍ത്തിച്ചു.
അനന്തുവിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ സായിഗ്രാം ഗ്ലോബര്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അനന്തുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ ഇരുവരെയും ബന്ധിപ്പിക്കുന്ന നിര്‍ണായക ചില വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം.
ആനന്ദകുമാറിന് പണം നല്‍കിയെന്ന് പ്രതി ആവര്‍ത്തിച്ചിരുന്നു. ആനന്ദകുമാറിന് രണ്ട് കോടി രൂപ കൈമാറിയെന്നും തട്ടിപ്പിന്റെ സൂത്രധാരന്‍ ഇദ്ദേഹമാണെന്നുമാണ് അനന്തു വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍ ആനന്ദകുമാറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കോടതിയുടെ പരിഗണയിലാണ്.
ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യാന്‍ വിളിക്കേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം തുടരുന്നതെങ്കിലും നടപടി അധികം വൈകിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലുമാണ് ക്രൈംബ്രാഞ്ച്. മൊഴിയുടെ പശ്ചാത്തലത്തില്‍ അനന്തുകൃഷ്ണന്റെയും എന്‍ജിഒ കോണ്‍ഫെഡറേഷന്റെയും സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്.