മന്ത്രി രാജേഷ് വെല്ലുവിളിച്ചെന്ന് കേട്ടു; ബ്രൂവറി സംവാദത്തിൽ വി.കെ.ശ്രീകണ്ഠൻ പങ്കെടുക്കുമെന്ന് ചെന്നിത്തല
Wednesday, February 19, 2025 11:04 AM IST
തിരുവനന്തപുരം: എലപ്പുള്ളിയിലെ ബ്രൂവറി അനുമതി സംബന്ധിച്ച വിവാദത്തില്‍ പരസ്യ സംവാദത്തിനുള്ള മന്ത്രി എം.ബി.രാജേഷിന്റെ വെല്ലുവിളി സ്വീകരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടു.പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ തനിക്കുവേണ്ടി സംവാദത്തിൽ പങ്കെടുക്കുമെന്ന് ചെന്നിത്തല പ്രതികരിച്ചു.
ഇത് സംബന്ധിച്ച സിപിഎമ്മിന്റെ ഏകപക്ഷീയമായ തീരുമാനത്തിന് പിന്നിൽ അഴിമതിയാണ്. പാലക്കാട് കൃഷിക്ക് പോലും വെള്ളമില്ലാതെ ജനങ്ങൾ പ്രയാസപ്പെടുന്ന സ്ഥലത്ത് മദ്യകമ്പനി കൊണ്ടുവന്നേ മതിയാകു എന്ന വാശി ആർക്കുവേണ്ടിയാണെന്ന് ചെന്നിത്തല ചോദിച്ചു.
സ്വന്തം ഘടക കക്ഷികളെ പോലും വിശ്വാസത്തിൽ എടുക്കാതെയാണ് സിപിഎമ്മിന്റെ ധാർഷ്ട്യം. ഇതിനുപിന്നിലുള്ള അഴിമതിയും കൊള്ളയും പുറത്ത് വന്ന മതിയാകുവെന്ന് ചെന്നിത്തല പറഞ്ഞു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ഒന്നുമല്ലെന്നും ഉള്ള വ്യവസായങ്ങൾ തന്നെ പൂട്ടി പോവുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.