യുവാവിനെ മർദിച്ചുകൊന്നു
Wednesday, February 19, 2025 2:03 AM IST
നോയിഡ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ശരീരത്തിൽ പന്ത് കൊണ്ടെന്ന് പരാതിപ്പെട്ട യുവാവിനെ മർദിച്ചു കൊന്നു. നോയിഡയിലെ സൂരജ്പുരിലാണ് സംഭവം.
32കാരനായ മനീഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സൂരജ്പൂർ പട്ടണത്തിൽ ഒരു ആർഒ പ്ലാന്റ് നടത്തുന്ന മനീഷ്, തിങ്കളാഴ്ച വൈകുന്നേരം ക്രിക്കറ്റ് ഗ്രൗണ്ടിലൂടെ നടന്നുപോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഈ സമയം കുറച്ച് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. അവർ അടിച്ചുവിട്ട പന്ത് മനീഷിന്റെ ശരീരത്തിൽ കൊണ്ടു. മനീഷ് ഇത് ചോദ്യം ചെയ്തു. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിൽ രണ്ട് കുട്ടികൾ മനീഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
ക്രൂരമായി മർദനമേറ്റ് അവശനിലയിലായ മനീഷിനെ ഇവർ അവിടെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാവിലെ മനീഷ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങി.
ഇതിനിടെ രക്തത്തിൽ കുളിച്ചനിലയിൽ മീനീഷിനെ കണ്ടെത്തുകയായിരുന്നു. ഇവർ മനീഷിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു.