മോഷ്ടിച്ചതിന് ശകാരിച്ചു; പിതാവിനെ മകൻ തീകൊളുത്തി കൊന്നു
Wednesday, February 19, 2025 12:14 AM IST
ന്യൂഡൽഹി: മോഷണം നടത്തിയതിന് ശകാരിച്ച പിതാവിനെ മകൻ തീകൊളുത്തി കൊന്നു. ഡൽഹിയിലെ അജയ് നഗറിലാണ് സംഭവം.
14കാരനാണ് പിതാവിനെ കൊലപ്പെടുത്തിയത്. 55 കാരനായ മുഹമ്മദ് അലീം ആണ് കൊല്ലപ്പെട്ടത്. വാടക വീട്ടിലാണ് പിതാവും മകനും കഴിഞ്ഞിരുന്നത്.
സമീപത്ത് താമസിച്ചിരുന്ന വീട്ടുടമസ്ഥൻ മുഹമ്മദ് അലീമിന്റെ കരച്ചിൽ കേട്ടെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇയാളും അയൽവാസിയും വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
ഇവർ വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. മകൻ സ്ഥലത്ത് നിന്നും ഓടിരക്ഷപെടുകയും ചെയ്തു.
തന്റെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ചതിന് പിതാവ് മകനെ ശകാരിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ മകൻ പിതാവിനെ തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയാണ് മുഹമ്മദ് അലീം. കഴിഞ്ഞ വർഷമാണ് ഇരുവരും ഇവിടേക്ക് താമസത്തിനെത്തിയത്. മുഹമ്മദിന്റെ മകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.