മര്യാദയില്ലാത്ത തീരുമാനം; തെര. കമ്മീഷൻ നിയമനത്തിൽ വിയോജനക്കുറിപ്പ് പുറത്തുവിട്ട് രാഹുൽ ഗാന്ധി
Tuesday, February 18, 2025 3:18 PM IST
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ സെലക്ഷൻ കമ്മിറ്റി യോഗത്തിലെ തന്റെ വിയോജനക്കുറിപ്പ് പുറത്തുവിട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ തിടുക്കത്തിലുള്ള തീരുമാനം മര്യാദയില്ലായ്മയാണെന്ന് രാഹുല്‍ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിയോജനക്കുറിപ്പിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ എക്സിക്യൂട്ടീവ് ഇടപെടലുകൾ പാടില്ല. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റീസിനെ കമ്മിറ്റിയിൽനിന്ന് പുറത്താക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകള്‍ മോദി സര്‍ക്കാര്‍ വഷളാക്കിയെന്നും രാഹുല്‍ വിമർശിച്ചു.
അംബേദ്കറുടെയും രാഷ്ട്രത്തിന്റെ സ്ഥാപകനേതാക്കളുടെയും ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യേണ്ടത് പ്രതിപക്ഷനേതാവ് എന്ന നിലയിൽ തന്റെ കടമയാണ്. കമ്മിറ്റിയുടെ ഘടനയും നടപടിക്രമങ്ങളും സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടാനിരിക്കെ അർധരാത്രിയിൽ തന്നെ പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും ചേർന്ന് തീരുമാനമെടുത്തത് മര്യാദയില്ലാത്ത നടപടിയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചൊവ്വാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം.
പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നിവരടങ്ങുന്ന സെലക്ഷന് കമ്മിറ്റിയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്. സെലക്ഷന് കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റീസിനെ കേന്ദ്രം ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ബുധനാഴ്ച ഇതുസംബന്ധിച്ച കേസ് കോടതി പരിഗണിക്കും. ഈ സാഹചര്യത്തിൽ സുപ്രീംകോടതി നിലപാടറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ നേതാവിന്റെ നിലപാട് തള്ളിക്കൊണ്ട് നിയമനം നടത്തുകയായിരുന്നു