മസ്തകത്തിൽ മുറിവേറ്റ കാട്ടാനയുടെ ചികിത്സ: ഡോ. അരുൺ സക്കറിയയും സംഘവും അതിരപ്പിള്ളിയിൽ
Tuesday, February 18, 2025 10:25 AM IST
അതിരപ്പിള്ളി: മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്കു ചികിത്സയൊരുക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. അതിരപ്പള്ളിയിൽ എത്തിയ ഡോ. അരുൺ സക്കറിയയും സംഘവും ഇന്ന് ആനയെ നിരീക്ഷിക്കും. കോടനാട്ട് കൂട് പൂർത്തിയാകുന്ന മുറയ്ക്ക് ആനയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.
ഇന്ന് ഉച്ചയ്ക്ക് ശേഷമോ ബുധനാഴ്ചയോ ആയിരിക്കും മയക്കുവെടി വയ്ക്കുക. പിടികൂടിയശേഷം ആനയെ കോടനാട്ടെ അഭയാരണ്യ കേന്ദ്രത്തിൽ തയാറാക്കുന്ന കൂട്ടിലേക്കു മാറ്റും. അവിടെ വച്ചായിരിക്കും ആനയ്ക്ക് ചികിത്സ നൽകുക. കോന്നി സുരേന്ദ്രൻ, വിക്രം, കുഞ്ചി എന്നീ മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയിൽ എത്തിച്ചിട്ടുണ്ട്.
അവശതയിലുള്ള ആനയ്ക്കു മയക്കുവെടി വയ്ക്കുന്നതും അപകടകരമാണെന്നാണു വിലയിരുത്തൽ. രക്ഷപ്പെടാനുള്ള സാധ്യത മുപ്പതു ശതമാനം മാത്രമാണ്. ആനയുടെ മുറിവിൽ പുഴുവരിക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.