ആനകളെ എഴുന്നള്ളിക്കില്ലെന്നു സത്യവാംഗ്മൂലം നല്‍കുന്നവര്‍ക്ക് റോബോ ആനയുമായി പെറ്റ
സീമ മോഹന്‍ലാല്‍
Monday, February 17, 2025 10:05 PM IST
കൊച്ചി: ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കില്ലെന്ന് സത്യവാംഗ്മൂലം എഴുതി നല്‍കുന്നവര്‍ക്ക് സൗജന്യമായി റോബോ ആനയോ രഥമോ നല്‍കാനൊരുങ്ങി മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് ഇന്ത്യ (പെറ്റ ഇന്ത്യ).
ആനപീഡനം തടയുന്നതിന്റെ ഭാഗമായിട്ടാണ് തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്സവങ്ങളിലും മറ്റും ആന ഇടഞ്ഞുള്ള മരണവും അപകടങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തീരുമാനവുമായി പെറ്ര ഇന്ത്യ മുന്നിട്ടറങ്ങിയത്.
ആനകളെ എഴുന്നള്ളിക്കുകയില്ലെന്ന് സത്യവാംഗ്മൂലം എഴുതി നല്കുന്ന ക്ഷേത്രങ്ങള്‍ക്കും എഴുന്നള്ളിപ്പുകള്‍ക്കും തടിപിടുത്തത്തിനും ഇപ്പോള്‍ ഉപയോഗിക്കുന്ന ആനകളെ ആന പരിപാലന കേന്ദ്രത്തിലേക്ക് ദാനം ചെയ്യാന്‍ തയാറാകുന്നവര്‍ക്കും ജീവനുള്ള ആനയുടെ അതേവലിപ്പത്തിലുള്ള ഒരു റോബോ ആനയെയാണ് ദാനം ചെയ്യുന്നത്.
കണ്ണിലെ കൃഷ്ണമണിയും ചെവിയും തുമ്പിക്കൈയും വാലും ചലിപ്പിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഫൈബര്‍ ആനയുടെ പുറത്ത് ഏണി വച്ച് കയറി നാലുപേര്‍ക്ക് ഇരിക്കാം. ഷോക്കേല്‍ക്കാത്ത വിധത്തിലുള്ള വൈദ്യുതി സപ്ലെയാണ് റോബോ ആനയുടെ ഉള്ളില്‍ സജീകരിച്ചിട്ടുള്ളത്. റോബോ ആന ചക്രം ഘടിപ്പിച്ച പ്ലാറ്റ്ഫോം ഉപയോഗിച്ച് ഭക്തര്‍ക്ക് തള്ളി നീക്കാം.
എട്ടുലക്ഷം രൂപയോളം ആനയ്ക്ക് ചെലവുവരും. എട്ട് ക്വിന്റലാണ് തൂക്കം. റോബോ ആനയുടെ ആദ്യ രണ്ടുവര്‍ഷത്തെ പരിപാലന (മെയിന്റനന്‍സ്) ചെലവും പെറ്റ ഇന്ത്യ വഹിക്കും. ഇങ്ങനെ ലഭിക്കുന്ന റോബോ ആനകളെ വാടകയ്ക്ക് മറ്റ് ആവശ്യക്കാര്‍ക്ക് നല്‍കാമെന്നും പെറ്റ ഇന്ത്യ പറയുന്നു. ഇതിന് ഇടനിലക്കാരില്ല.
നേരത്തെ തിരുവനന്തപുരം (വെങ്ങാനൂര്‍ ബാലതൃപുര സുന്ദരി ദേവിക്ഷേത്രം) എറണാകുളം (കാലടി കൈത്തളി ശിവക്ഷേത്രം) കണ്ണൂര്‍ (കണ്ണവം വടക്കുമ്പാട് ശിവവിഷ്ണുക്ഷേത്രം) തൃശൂര്‍ (ഇരിങ്ങാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം, കോമ്പാറ ശ്രീകൃഷ്ണക്ഷേത്രം) എന്നീ അഞ്ച് ക്ഷേത്രങ്ങളില്‍ പെറ്റ ഇന്ത്യ റോബോ ആനകളെ സൗജന്യമായി നല്‍കിയിട്ടുണ്ട്. റോബോ ആനയ്ക്ക് പകരം രഥമാണ് വേണ്ടതെങ്കില്‍ അതും നല്‍കും.
റോബോ ആനയോ രഥമോ ആവശ്യമുള്ള ക്ഷേത്രങ്ങള്‍, ആന ഉടമകള്‍ എന്നിവര്‍ ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സുമായി ബന്ധപ്പെടണമെന്ന് ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം അറിയിച്ചു. ഫോണ്‍: 9495712811, 8700935202.