കടുവ സാന്നിധ്യം ; തലപ്പുഴ ഗവ.എൻജിനീയറിംഗ് കോളജിൽ പഠനം ഓൺലൈനാക്കി
Monday, February 17, 2025 9:21 PM IST
മാനന്തവാടി: തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ഗവ.എൻജിനീയറിംഗ് കോളജിൽ പഠനം ഓൺലൈനാക്കി. ഒരാഴ്ചത്തേക്ക് പഠനം ഓൺലൈനിലായിരിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു.
ഒരാഴ്ച മുൻപ് ജനവാസ മേഖലയായ കാട്ടേരിക്കുന്ന്, കമ്പിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചെങ്കിലും കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. ഇതിനിടെ ഗോദാവരി ഉന്നതിയിലും നാട്ടുകാർ കടുവയെ കണ്ടു.
കഴിഞ്ഞ ദിവസം തലപ്പുഴ എൻജിനീയറിംഗ് കോളജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ സിസിടിവി കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. കടുവയെ പിടികൂടണമെന്നും വിദ്യാർഥികൾക്ക് അവധി നൽകി ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ പഠിപ്പ് മുടക്കി പ്രതിഷേധിച്ചിരുന്നു.
കൂട് സ്ഥാപിച്ചെന്നും സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.