ബാങ്ക് കൊള്ള; റിജോയെ റിമാൻഡു ചെയ്തു
Monday, February 17, 2025 7:29 PM IST
തൃശൂർ: ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ കൊള്ള നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി റിജോ ആന്റണിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡു ചെയ്തു. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
കസ്റ്റഡിയിലുള്ള പ്രതിയുമായി തിങ്കളാഴ്ച പോലീസ് തെളിവെടുപ്പ് നടത്തി. തട്ടിയെടുത്ത പണത്തിലെ നല്ലൊരു പങ്ക് സുഹൃത്തിൽ നിന്നു വാങ്ങിയ വായ്പ മടക്കി നൽകാനാണ് റിജോ വിനിയോഗിച്ചതെന്ന് മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ സുഹൃത്തിന്റെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ബാങ്കിൽ നിന്നും കവർന്ന 15 ലക്ഷം രൂപയിൽ ഏറിയപങ്കും ബണ്ടിൽ പോലും പൊട്ടിക്കാത്ത നിലയിൽ റിജോയുടെ വീട്ടിൽ നിന്നു തന്നെ പോലീസ് കണ്ടെടുത്തിരുന്നു. കവർച്ചയിലൂടെ കിട്ടിയ പണത്തിൽ 294000 രൂപ സുഹൃത്തായ ബിനീഷിന് നൽകി എന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്.
പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ റിജോ പണം തന്ന കാര്യം സുഹൃത്ത് തന്നെ നേരിട്ട് പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് ഈ പണവും പോലീസ് കണ്ടെടുത്തു.