വിദ്വേഷ പരാമർശം; പി.സി. ജോര്‍ജിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
Monday, February 17, 2025 3:11 PM IST
കൊച്ചി: ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മുന്‍ ജാമ്യവ്യവസ്ഥകൾ പി.സി. ജോര്‍ജ് ലംഘിച്ചുവെന്നും ഇതിന് മുന്‍പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജോര്‍ജിന്റെ പരാമര്‍ശം ഗൗരവതരമാണ്. ജോര്‍ജ് ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കോടതി ഉത്തരവുകൾ എല്ലാവരും ലംഘിച്ചാൽ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. പി.സി.ജോർജ് പത്തു നാൽപ്പതു കൊല്ലമായി പൊതുപ്രവർത്തകനും എംഎൽഎയുമൊക്കെ ആയിരുന്നില്ലേ? അത്തരമൊരാൾ എങ്ങനെയാണ് കോടതി ഉത്തരവ് ലംഘിക്കുന്നതെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ ചോദിച്ചു. ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയാമെന്നും കോടതി വ്യക്തമാക്കി.
ടെലിവിഷൻ ചർച്ചക്കിടെ മതവിദ്വേഷ പരാമർശം അബദ്ധത്തിൽ പറഞ്ഞു പോയതാണ് ജോർജ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. അപ്പോൾ തന്നെ മാപ്പും പറഞ്ഞു. മാത്രമല്ല, മുൻ ജാമ്യ ഉത്തരവ് ലംഘിച്ചിട്ടില്ല. പ്രസ്താവനയോ പ്രസംഗമോ നടത്തരുത് എന്നാണ് മുൻ ഉത്തരവിൽ പറയുന്നത്. ഇത് ടെലിവിഷനിലെ ഒരു ചർച്ചക്കിടെ പ്രകോപിതനായപ്പോൾ അബദ്ധത്തിൽ പറഞ്ഞു പോയതാണ് എന്നും അതിനാൽ മുന്‍കൂർ ജാമ്യം നൽകണമെന്നും അഭിഭാഷകൻ വാദിച്ചു.
എന്നാൽ ജോർജ് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ നടത്തുന്നുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മതസ്പർദ്ധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്.