മണക്കുളങ്ങര ദുരന്തം: ആനപാപ്പാന്മാരടക്കം ആറുപേര്‍ പ്രതികള്‍
സുധീർ കൊയിലാണ്ടി
Monday, February 17, 2025 2:01 PM IST
കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തില്‍ സ്ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേര്‍ത്ത് കേസെടുക്കാന്‍ പോലീസ്. നേരത്തെ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. പുതിയ വകുപ്പ് കൂടി ചേര്‍ക്കുന്നതോടെ കൂടുതല്‍ പേർ പുതുതായി പ്രതി പട്ടികയില്‍ വരും.
സംഭവത്തില്‍ സോഷ്യൽ ഫോറസ്ട്രി കോഴിക്കോട് ഡിവിഷന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പേരാമ്പ്ര കോടതിയിലാണ് സോഷ്യല്‍ ഫോറസ്ട്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരവും നാട്ടാന പരിപാലന ചട്ട പ്രകാരവും കേസെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ക്ഷേത്രഭാരവാഹികള്‍, ആനപ്പാപ്പാന്‍ ഉള്‍പ്പെടെ ആറു പേരെ പ്രതി ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. പടക്കം പൊട്ടിച്ചു, ആനയുടെ ഇടച്ചങ്ങലവേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല, ആനയെ പരിപാലിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും അശ്രദ്ധ കാട്ടി എന്നീ കുറ്റമാണ് പാപ്പാന്മാര്ക്കെതിരേയുളളത്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും അപകടത്തില്‍ കേസ് എടുത്തിട്ടുണ്ട്.
ഫോറസ്റ്റ് ഓഫീസര്‍ എന്‍. കെ. ഇബ്രായി തയാറാക്കിയ മഹസറില്‍ ആറു പേരെയാണ് പ്രതിയാക്കിയിട്ടുള്ളത്. ആഘോഷ കമ്മിറ്റി ഭാരവാഹികളും പീതാംബരന്, ഗോകുല്‍ എന്നീ ആനകളുടെ നാലു പാപ്പാന്മാരെയും പ്രതികളാക്കിയാണ് കേസ്.
അതേസമയം, മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ഗുരുവായൂരിലെ ആനകളായ പീതംബരനും, ഗോകുലിനും കോഴിക്കോട് ജില്ലയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് പീതംബരനേയും, ഗോകുലിനേയും ക്ഷേത്രങ്ങളില്‍ എഴുന്നള്ളിക്കുന്നതിന് സ്ഥിരം വിലക്കേര്‍പ്പെടുത്തിയത്.
ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ ഒരുമാസം മുന്‍പ് അപേക്ഷ നല്‍കണമെന്നും ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത്. അപകടത്തില്‍ കെട്ടിടം തകര്‍ന്നും ആനയുടെ ചവിട്ടേറ്റും മൂന്ന് പേര് മരിച്ചിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റിരുന്നു.