രോഹനും അക്ഷയ്യും മടങ്ങി; കേരളം രണ്ടിന് 70
Monday, February 17, 2025 12:24 PM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളത്തിന് രണ്ടുവിക്കറ്റ് നഷ്ടം. ആദ്യദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ രണ്ടിന് 70 റൺസെന്ന നിലയിലാണ് സന്ദർശകർ.
അഞ്ചു റൺസുമായി വരുൺ നായനാരും രണ്ടു റണ്ണുമായി സച്ചിൻ ബേബിയുമാണ് ക്രീസിൽ. 30 റൺസ് വീതമെടുത്ത ഓപ്പണർമാരായ അക്ഷയ് ചന്ദ്രന്റെയും രോഹൻ എസ്. കുന്നുമ്മലിന്റെയും വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്.
ആർ.എം. ബിഷ്ണോയി രോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്ഷയ് ചന്ദ്രൻ റണ്ണൗട്ടാകുകയായിരുന്നു.
അഹമ്മദാബാദ് മൊട്ടേറ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിന് ബേബി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് കേരളം ഇന്നിറങ്ങിയത്. യുവതാരം ഷോണ്‍ റോജര്‍ക്കു പകരം വരുണ്‍ നായനാര്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാൻ എത്തി.
രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. പ്രാഥമിക ഘട്ടത്തിലും ക്വാര്‍ട്ടര്‍ ഫൈനലിലും ഒരു മത്സരത്തിലും തോല്‍ക്കാതെയാണ് കേരളത്തിന്റെ വരവ്. കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ ജമ്മു കാഷ്മീരിനെയാണ് ക്വാർട്ടറിൽ കേരളം മറികടന്നത്.
മറുവശത്ത് സൗരാഷ്ട്രയെ 98 റണ്‍സിന് തോല്‍പ്പിച്ചാണ് ഗുജറാത്തിന്റെ വരവ്.