തരൂര്‍ പറഞ്ഞത് ഉള്ള സത്യം; കോണ്‍ഗ്രസുകാര്‍ കൊടുവാളുമായി ഇറങ്ങേണ്ടെന്ന് വെള്ളാപ്പള്ളി
Monday, February 17, 2025 12:04 PM IST
തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് തരൂര്‍ അഭിപ്രായം പറഞ്ഞതിന് കോണ്‍ഗ്രസുകാര്‍ കൊടുവാളുമായി ഇറങ്ങേണ്ട കാര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഉള്ള സത്യമാണ് തരൂര്‍ അദ്ദേഹത്തിന്റെ അറിവിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.
അത് വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. കാര്യം പഠിച്ച് അപഗ്രഥിച്ച് മനസിലാക്കിക്കൊണ്ടാണ് തരൂർ ഇക്കാര്യം പറഞ്ഞത്. തരൂര്‍ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ല. അദ്ദേഹം യഥാര്‍ഥ രാഷ്ട്രീയക്കാരനാണെന്നും താന്‍ കരുതുന്നില്ല.
തരൂര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അത് മറ്റുള്ളവര്‍ തെളിയിക്കട്ടെ. നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയണം. അതാണ് പരിഷ്കൃത സംസ്കാരമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ഇനിയും പിണറായി വിജയന് തന്നെ കേരളം ഭരിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.