ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; നിയമസഭാ കക്ഷി യോഗം മാറ്റി
Monday, February 17, 2025 5:13 AM IST
ന്യൂഡൽഹി: ഫലം വന്ന് രണ്ടാഴ്ചയോളം ആകുന്പോഴും ഡൽഹി മുഖ്യമന്ത്രിയെ ചൊല്ലി ബിജെപിയിൽ തർക്കം മുറുകുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ഇന്ന് ചേരാനിരുന്ന ബിജെപിയുടെ നിർണായക നിയമസഭാ കക്ഷി യോഗം ബുധനാഴ്ചത്തേക്ക് മാറ്റി.
70 ൽ 48 സീറ്റും നേടി ബിജെപി വൻ വിജയം നേടിയെങ്കിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയാത്തതിൽ പ്രവർത്തകർക്കിടയിൽ അമർഷം പുകയുകയാണ്. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, ആഷിഷ് സൂദ്, ഷിഖ റായ്, രേഖ ഗുപ്ത എന്നീ പേരുകളാണ് അവസാന പട്ടികയിലുള്ളത്.
സസ്പെൻസ് അവസാനിപ്പിച്ചുകൊണ്ട് ഇന്ന് ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും പ്രഖ്യാപനം വൈകുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പാർട്ടിക്ക് വെല്ലുവിളികളൊന്നുമില്ലെന്നും നേതൃയോഗം ചേർന്ന് പതിനഞ്ച് മിനിറ്റുകൊണ്ട് തീരുമാനമെടുക്കുമെന്നും ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ പറഞ്ഞിരുന്നു.