രണ്ടാം ഏകദിനം: സിംബാബ്വെയ്ക്കെതിരെ അയർലൻഡിന് ജയം
Sunday, February 16, 2025 9:04 PM IST
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ അയർലൻഡിന് ജയം. ആറ് വിക്കറ്റിനാണ് അയർലൻഡ് വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കിനിൽക്കെ അയർലൻഡ് മറികടന്നു. നായകൻ പോൾ സ്റ്റിർലിംഗിന്റെയും കർട്ടിസ് കാംഫറിന്റെയും മികച്ച പ്രകടനത്തിന്റെ മികവിലാണ് അയർലൻഡ് വിജയലക്ഷ്യം മറികടന്നത്. 89 റൺസെടുത്ത സ്റ്റിർലിംഗാണ് അയർലൻഡിന്റെ ടോപ് സ്കോറർ.
കാംഫർ 63 റൺസാണ് എടുത്തത്. ലോർകൻ ടക്കർ 36ഉം ജോർജ് ഡോക്കറൽ 20 ഉം റൺസെടുത്തു. സിംബാബ്വെയ്ക്ക് വേണ്ടി ട്രെവർ ഗ്വാൻഡു രണ്ട് വിക്കറ്റെടുത്തു. റിച്ചാർഡ് എൻഗാരവയും ബ്ലെസിംഗ് മുസരബനിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 49 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 245 റൺസെടുത്തത്. 61 റൺസെടുത്ത വെസ്ലി മഥേവരെയാണ് സിംബാബ്വെയുടെ ടോപ്സ്കോറർ. സിക്കന്ദർ റാസ 58ഉം വെല്ലിംഗ്ടൺ മസകാഡ്സ 35ഉം ബ്രയാൻ ബെനറ്റ് 30 റൺസുമെടുത്തു.
അയർലൻഡിന് വേണ്ടി മാർക്ക് അഡയർ നാല് വിക്കറ്റുകൾ എടുത്തു. കർട്ടിസ് കാംഫർ മൂന്നും ഗ്രഹാം ഹ്യും ജോഷ്വ ലിറ്റിലും ആൻഡി മക്ബ്രൈനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇതോടെ പരന്പരയിൽ അയർലൻഡ് സിംബാബ്വെയ്ക്കൊപ്പമെത്തി(1:1). മൂന്ന് മത്സരങ്ങളുള്ള പരന്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെ 49 റൺസിന് വിജയിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പരന്പരയിലെ അവസാന മത്സരം.