തരൂരിന്റെ നിലപാടിൽ കോൺഗ്രസിൽ ഭിന്നത; നടപടി തീരുമാനിക്കേണ്ടത് എഐസിസി എന്ന് കെപിസിസി നേതൃത്വം
Sunday, February 16, 2025 7:01 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വ്യവസായ മേഖലയിലെ വളർച്ചയെ സംബന്ധിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി സ്വീകരിച്ച നിലപാടിൽ കോൺഗ്രസിൽ ഭിന്നത. തരൂരിനോട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ മൃദു നിലപാടാണ് സ്വീകരിച്ചത്.
തരൂരിനെ കുറ്റപ്പെടുത്താതെയും വ്യവസായ മന്ത്രി പി. രാജീവിനെ തള്ളിയുമായിരുന്നു സുധാകരന്റെ പ്രതികരണം. എന്നാൽ തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നാണ് ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. നടപടി തീരുമാനിക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കുന്നു.
എന്നാൽ തരൂരിന്റെ പ്രതികരണത്തിനെതിരേ പാർട്ടിയിൽനിന്നുതന്നെ വിമർശനം ഉയർന്നെങ്കിലും തരൂർ തിരുത്താൻ തയാറായില്ല. നിലപാടിൽ ഉറച്ചുനിൽക്കുന്നതായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ശശി തരൂർ എംപി നടത്തിയത് സ്വാഭാവിക പ്രതികരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ പുരോഗതിയെക്കുറിച്ച് ശശി തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.