തരൂരിന്റേത് സ്വാഭാവിക പ്രതികരണം: പിണറായി വിജയൻ
Sunday, February 16, 2025 5:05 PM IST
തിരുവനന്തപുരം: ശശി തരൂർ എംപി നടത്തിയത് സ്വാഭാവിക പ്രതകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പുരോഗതിയെക്കുറിച്ച് ശശി തരൂർ ഒരു ലേഖനത്തിലൂടെ അനുമോദിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കാര്യങ്ങളാണ് തരൂർ പറഞ്ഞത്. സംസ്ഥാനത്തിന്റെ പുതു പുരോഗതി, കേരളം സ്റ്റാർട്ടപ്പ് മേഖലയിൽ ലോകത്ത് തന്നെ മുന്നിൽ, നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തി എന്നും തരൂർ പറഞ്ഞു.
അദ്ദേഹത്തിന്റെ അഭിനന്ദനം എന്ത് പുകിലാണ് കോൺഗ്രസിലുണ്ടാക്കിയത്. കോൺഗ്രസ് വസ്തുത മറയ്ച്ചു പിടിക്കുകയാണ്. കേരളത്തിന്റെ നേട്ടമെന്ന് പറയാൻ ചിലർക്ക് പ്രയാസമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രതിപക്ഷ നേതാവ് പരസ്യമായി പറയുന്നു. ഇവർ നാടിന്റെ പ്രതിപക്ഷമായി മാറുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.ഡി. സതീശൻ സഭയിലെ പ്രതിപക്ഷ നേതാവ് മാത്രമാണ്. ജനങ്ങളുടെ പ്രതിപക്ഷം അല്ല. എൽഡിഎഫിനോടുള്ള വിരോധം നാടിനോടും ജനങ്ങളോടും ആകരുതെന്നും പിണറായി വിജയൻ പറഞ്ഞു.