ലോകം അറിയുന്ന ബുദ്ധിജീവിയാണ് ശശി തരൂരെന്ന് എ.കെ. ബാലൻ
Sunday, February 16, 2025 12:42 PM IST
പാലക്കാട്: ലോകം അറിയുന്ന ബുദ്ധിജീവിയാണ് ശശി തരൂരെന്നും നാലു വര്‍ഷം തുടര്‍ച്ചയായി ലോകസഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ. മഹാനായ ഡിപ്ലോമാറ്റാണ് ശശി തരൂരെന്നും ലേഖനത്തിൽ പറഞ്ഞ കാര്യങ്ങള്‍ യഥാർഥ വസ്തുതയാണെന്നും ബാലൻ പറഞ്ഞു.
വസ്തുതകള്‍ നിരത്തിയാണ് അദ്ദേഹത്തെ വിമര്‍ശിക്കേണ്ടത്. ലോകത്തെ പ്രമുഖ അവാർഡുകൾ പിണറായി സർക്കാരിന് ലഭിച്ചിട്ടുണ്ട്. നിതി അയോഗിന്റെ റേറ്റിംഗിൽ നമ്പർ വൺ ആണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്.
കേരളം ഇന്ത്യക്ക് അഭിമാനമാണെന്നും അതിൽ ചെറിയ ഭാഗം മാത്രമാണ് തരൂര്‍ പറഞ്ഞതെന്നും ശശി തരൂരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് ദുഷ്ഠലാക്കാണെന്നും ബാലൻ വിമര്‍ശിച്ചു.
വിവരമുള്ള ആരും കോണ്‍ഗ്രസിൽ പാടില്ലെന്നാണോ നേതാക്കള്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. പറഞ്ഞ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെങ്കിൽ വസ്തുതവച്ചുകൊണ്ടാണ് അതിനെ എതിര്‍ക്കേണ്ടത്.
കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ 500 സ്ഥാപനങ്ങളിൽ 200 എണ്ണവും പൂട്ടി. എന്നിട്ട് തന്റെ കാലത്താണ് വികസനമെന്ന് സ്വയം പറയുകയാണ്. കേരളത്തിന്റെ വളർച്ചയെക്കുറിച്ച് പറഞ്ഞാൽ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന ഭയമാണെന്നും ബാലൻ കൂട്ടിച്ചേർത്തു.