ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസ്; രണ്ടുപേർ പിടിയിൽ
Sunday, February 16, 2025 5:22 AM IST
കൊച്ചി: ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിൽ ആലുവയില്‍ നടന്ന സംഭവത്തിൽ ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പടെ രണ്ടു പേരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിലാണ് ബിഹാര്‍ സ്വദേശിനിയുടെ ഒരു മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വിവരം ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു ട്രാന്‍സ്ജെന്‍ഡറും സംഘത്തിൽ ഉണ്ടെന്ന വിവരം ലഭിച്ചു.
തുടര്‍ന്ന് സ്റ്റേഷന് ക്രൈം ഗ്യാലറിയില്‍ നിന്ന് സംശയമുള്ളവരുടെ ചിത്രങ്ങളില്‍ നിന്ന് കുട്ടിയുടെ അമ്മ റിങ്കി എന്ന ട്രാന്‍സ്ജെന്‍ഡറിനെ തിരിച്ചറിഞ്ഞു. റിങ്കിയുടെ താമസ സ്ഥലത്തേക്ക് പോലീസ് എത്തുമ്പോഴേക്കും അവര്‍ കുട്ടിയുമായി കടന്നിരുന്നു.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുമായി സംഘം തൃശൂര്‍ ഭാഗത്തേക്ക് കടന്നെന്ന് വ്യക്തമായി. പിന്നീട് ഇവരെ പിന്തുടര്ന്നെത്തിയ പോലീസ് കൊരട്ടിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
റിങ്കിയുടെ സുഹൃത്തായ ആസാം സ്വദേശി റാഷിദുല്‍ ഹഖും പിടിയിലായിട്ടുണ്ട്. എഴുപതിനായിരം രൂപ ആവശ്യപ്പെട്ടാണ് ഇവർ കുട്ടിയെ തട്ടിയെടുത്തത്.