മുണ്ടക്കൈ ചൂരൽമല പുനരധിവാസം; തിങ്കളാഴ്ച യോഗം ചേരും
Sunday, February 16, 2025 4:28 AM IST
തിരുവനന്തപുരം: ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പുനരധിവാസത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ പുനർനിർമാണത്തിനുള്ള കേന്ദ്ര വായ്പ വിനിയോഗം ചർച്ചയാകും.
ഈ സാമ്പത്തിക വർഷം പണം ചിലവഴിക്കണമെന്ന നിബന്ധനയിലുള്ള സംസ്ഥാന നിലപാടും സമയം നീട്ടി നൽകണമെന്നുള്ള നിർദേശങ്ങൾ അടക്കം യോഗത്തിൽ പരിഗണിക്കും. പുനരധിവാസ അവലോകനവും യോഗം വിലയിരുത്തും.
പുനരധിവാസത്തിന് 529.50 കോടി രൂപയുടെ പലിശ രഹിത വായ്പയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചിരിക്കുന്നത്. വായ്പയ്ക്ക് പലിശ നല്‍കേണ്ടതില്ല.
എന്നാൽ ഈ തുക മാർച്ച് 31നകം ചിലവഴിക്കണം. അതിന് പുറമേ നിശ്ചിത പദ്ധതികൾ പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് എന്ന നിർദേശവും കേന്ദ്രധനമന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്.
ലഭിച്ചിരിക്കുന്ന തുക ചുരുങ്ങിയ സമയം കൊണ്ട് സുപ്രധാന പദ്ധതികൾക്ക് വേണ്ടി വിനിയോഗിക്കണമെന്നും സർട്ടിഫിക്കറ്റ് സമർപ്പിക്കണം എന്നുമുള്ള കേന്ദ്രത്തിന്റെ നിർദേശം അപ്രായോഗികമാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.