ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും; 18 പേർക്ക് ദാരുണാന്ത്യം
Sunday, February 16, 2025 12:35 AM IST
ന്യൂഡൽഹി: തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി പത്തിനുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഒമ്പത് സ്ത്രീകളും ഉൾപ്പെടും.
കുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
പ്രയാഗ്രാജ് എക്സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി.
തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ടെന്നും. സ്റ്റേഷനിൽ തീർഥാടകരുടെ തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് ദുരന്തനിവാരണപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ചിലരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു. ലഫ്. ഗവര്‍ണറും മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും പരിക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍എന്‍ജെപി ആശുപത്രിയിലെത്തി.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്കും കമ്മീഷണർക്കും ലഫ്. ഗവർണർ അടിയന്തര നിർദേശം നൽകി. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. റെയിൽവേ മന്ത്രിയുമായി സംസാരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.