വനിതാ പ്രീമിയർ ലീഗ്: മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം
Sunday, February 16, 2025 12:19 AM IST
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത്.
രണ്ട് വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. സ്കോർ- മുംബൈ ഇന്ത്യൻസ് 19.1 ഓവറിൽ 164. ഡെൽഹി 20 ഓവറിൽ എട്ട് വിക്കറ്റിന് 165.
165 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ഡൽഹിക്ക് വേണ്ടി ഷെഫാലി വെർമ(18 പന്തിൽ 43), നിക്കി പ്രസാദ് (33 പന്തിൽ 35), സാറ ബ്രൈസ് (10 പന്തിൽ 21 ) എന്നിവർ തിളങ്ങി.
മലയാളി താരം സജന എറിഞ്ഞ അവസാന ഓവറിൽ 10 റൺസ് വേണ്ടിയിരുന്നു. ഒരു വിക്കറ്റ് വീണെങ്കിലും അവസാന പന്തിൽ രണ്ട് റൺസ് എടുത്ത് അരുന്ധതി റെഡ്ഡി ഡെൽഹിക്ക് വിജയം സമ്മാനിച്ചു. നാല് പന്തിൽ ഒന്പത് റൺസെടുത്ത രാധാ യാദവിന്റെ പ്രകടനം നിർണായകമായി.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നാറ്റ്-സിവർ ബ്രൻഡിന്റെയും ക്യാപ്റ്റൻ ഹർമൻ പ്രീതിന്റെയും മികച്ച ഇന്നിംഗ്സിന്റെ ബലത്തിലാണ് വലിയ ടോട്ടൽ നേടിയത്. സ്കോർ ബോർഡിൽ വെറും ഒരു റൺസ് മാത്രമുള്ളപ്പോൾ ഹെയ്ലി മാത്യൂസും (1), തൊട്ടുപിന്നാലെ യാത്സിക ഭാട്ടിയയും (11) പുറത്തായെങ്കിലും പിന്നീട് നാറ്റ് സിവറും ഹർമനും കളം പിടിച്ചു. നാറ്റ്-സിവർ വെറും 59 പന്തിൽ 13 ഫോറുകളുടെ അകമ്പടിയോടെ 80 റൺസുമായി പുറത്താകാതെ നിന്നു.
ഹർമൻ 22 പന്തിൽ 42 റൺസ് നേടി. നാല് ഫോറും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു ഹർമൻ പ്രീതിന്റെ ഇന്നിങ്സ്. പിന്നീടാരും രണ്ടക്കം കടന്നില്ല. ഡൽഹിക്ക് വേണ്ടി അന്നബെൽ സതർലൻഡ് മൂന്നും ശിഖർ പാണ്ഡെ രണ്ടും വിക്കറ്റ് നേടി.