വയനാട് പുനരധിവാസം; കേന്ദ്ര വായ്പ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദേശം, അതിവേഗ നീക്കവുമായി സംസ്ഥാനം
Saturday, February 15, 2025 10:06 PM IST
തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വായ്പ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം. ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്.
വിവിധ വകുപ്പുകൾ ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പ് നിർദേശങ്ങൾ നൽകണം. വിവിധ വകുപ്പ് തലവൻമാർ ഇന്ന് ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.
വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലാണ് 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷൻ, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളുടെ പുനര്‍നിര്‍മാണം, വൈത്തിരി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്.
മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് മൂലധന നിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ പദ്ധതികളിലെ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.