മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; 369 തടവുകാരെ വിട്ടയച്ച് ഇസ്രയേൽ
Saturday, February 15, 2025 3:38 PM IST
ഗാസ സിറ്റി: മൂന്ന് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. അർജന്റീന പൗരൻ യെയർ ഹോൺ, അമേരിക്കൻ പൗരൻ സാഗുയി ഡെക്കൽ-ചെൻ, റഷ്യൻ പൗരൻ സാഷ ട്രൂഫാനോവ് എന്നിവരെയാണ് മോചിപ്പിച്ചത്.
ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങളെ തുടർന്നാണ് നടപടി. 2023 ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ പിടികൂടിയ ബന്ദികളെ ഹമാസ്, ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിക്കാണ് കൈമാറിയത്. തുടർന്ന് ഇവരെ ഇസ്രായേൽ സേനയ്ക്ക് കൈമാറി.
മോചിതരായ ബന്ദികൾ ഇസ്രായേലിൽ തിരിച്ചെത്തിയതായി സൈന്യം സ്ഥിരീകരിച്ചു. മൂന്ന് ബന്ദികൾക്ക് പകരമായി ഇസ്രയേൽ 369 പാലസ്തീൻ തടവുകാരെ മോചിപ്പിച്ചു.
മാസങ്ങളോളം തടവിലായിരുന്ന മൂന്ന് ബന്ദികളെയും ഗാസയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിൽ റെഡ് ക്രോസിന് കൈമാറുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബന്ദികൾ ആരോഗ്യവാന്മാരായിരുന്നുവെന്നും ഇവരുടെ കൈവശം സമ്മാന ബാഗുകളും സർട്ടിഫിക്കറ്റുകളും കണ്ടതായി റിപ്പോർട്ടുകളുണ്ട്.
മൂന്ന് ബന്ദികളെ മോചിപ്പിച്ചതോടെ വെടിനിർത്തൽ ആരംഭിച്ചതിനുശേഷം മോചിപ്പിക്കപ്പെട്ട ആകെ ബന്ദികളുടെ എണ്ണം 19 ആയി. ഇനിയും നിരവധി ബന്ദികൾ ഹമാസിന്റെ തടവിലുണ്ട്. അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.