ഫ്രാൻസ്, യുഎസ് സന്ദർശനം; നരേന്ദ്ര മോദി തിരിച്ചെത്തി
Saturday, February 15, 2025 5:59 AM IST
ന്യൂഡൽഹി: ഫ്രാൻസ്, യുഎസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രിയിൽ ഡൽഹി പലാം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു.
ഫ്രാൻസിൽ നടന്ന എഐ ഉച്ചകോടിയിൽ സഹഅധ്യക്ഷതവഹിച്ച നരേന്ദ്ര മോദി ഫ്രാഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ഉഭയകക്ഷി ചർച്ചയും നടത്തിയിരുന്നു. തുടർന്നായിരുന്നു അദ്ദേഹത്തിന്റെ യുഎസ് സന്ദർശനം.
വ്യാഴാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാമതും യുഎസ് പ്രസിഡന്റായി ട്രംപ് ചുമതലയേറ്റതിന് ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും കാർഷികോത്പന്നങ്ങളുടെ വ്യാപാരം വർധിപ്പിക്കാനും ചർച്ചയിൽ ധാരണയായി.
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുമുന്പ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ്, ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് തുൾസി ഗബ്ബാർഡ്, ശതകോടീശ്വരൻ ഇലോൺ മസ്ക്, റിപ്പബ്ലിക്കൻ പാർട്ടി നേതാവ് വിവേക് രാമസ്വാമി എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.