ചെന്താമരയെ പേടി; നെന്മാറ ഇരട്ടക്കൊലക്കേസിൽ മൊഴി മാറ്റി നാല് നിര്‍ണായക സാക്ഷികള്‍
Friday, February 14, 2025 12:44 PM IST
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ മൊഴി മാറ്റി നിർണായക സാക്ഷികൾ. നാലുപേരാണ് മൊഴി മാറ്റിയത്. കൊലപാതകത്തിനു ശേഷം ചെന്താമര കൊടുവാളുമായി നിൽക്കുന്നത് കണ്ടെന്ന് മൊഴി നൽകിയ വീട്ടമ്മ താൻ ഒന്നും കണ്ടിട്ടില്ലെന്ന് പോലീസിന് മൊഴി നൽകി.
ചെന്താമര സുധാകരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം മൊഴി നല്കിയ നാട്ടുകാരനും അറിയില്ലെന്ന് പറഞ്ഞ് മൊഴി മാറ്റി. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
എന്നാല്‍ ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. കൊലയ്ക്ക് ശേഷം ചെന്താമര ആയുധവുമായി നില്‍ക്കുന്നത് കണ്ടെന്ന കാര്യം പുഷ്പ പോലീസിനോട് ആവര്‍ത്തിച്ചു. തന്റെ കുടുംബം തകരാന്‍ പ്രധാന കാരണക്കാരിലൊരാള്‍ പുഷ്പയാണെന്നും അവരെ വകവരുത്താന്‍ പറ്റാത്തത്തതില്‍ നിരാശയുണ്ടെന്നും ചെന്താമര മൊഴി നല്‍കിയിരുന്നു.
അതേസമയം, മൊഴിമാറ്റിയത് അന്വേഷണത്തെ ബാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭാവിയില്‍ മൊഴി മാറ്റാനുള്ള സാധ്യത കണക്കിലെടുത്ത് എട്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.