ഡൽഹിയിൽ വൈദ്യുതി മുടക്കം പതിവായെന്ന് അതിഷി; ഉത്തർപ്രദേശാക്കി മാറ്റാനുള്ള ശ്രമമെന്ന് ആരോപണം
Friday, February 14, 2025 9:35 AM IST
ന്യൂഡൽഹി: ബിജെപി അധികാരത്തിലേറിയതിന് ശേഷം ഡൽഹിയിൽ വൈദ്യുതി മുടക്കം പതിവായെന്ന് മുൻ മുഖ്യമന്ത്രി അതിഷി. വൈദ്യുതി തടസത്തിന് പേരുകേട്ട സംസ്ഥാനമായ ഉത്തർപ്രദേശ് ആക്കി ഡൽഹിയെ മാറ്റാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് അതിഷി പറഞ്ഞു.
ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരം നഷ്ടപ്പെട്ട് മൂന്ന് ദിവസത്തിനുള്ളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 40 ലധികം വൈദ്യുതി തടസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും ആളുകൾ ഇപ്പോൾ ഇൻവെർട്ടറുകൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നുമാണ് അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ആം ആദ്മി സർക്കാരിനു കീഴിൽ, വൈദ്യുതി മേഖലയെ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരുന്നു, ബിജെപി അധികാരത്തിൽ വന്നതോടെ മൂന്ന് ദിവസത്തിനുള്ളിൽ ഇത് തകർന്നു. എങ്ങനെ ഭരിക്കണമെന്ന് ബിജെപിക്ക് അറിയില്ല, ഇത്കാരണം ഉത്തർപ്രദേശ് പോലെ ഡൽഹിയിലും ദീർഘനേരം വൈദ്യുതി മുടങ്ങുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് അതിഷി ആരോപിച്ചു.
എന്നാൽ, ഡൽഹിയിൽ എവിടെയും വൈദ്യുതി തടസമില്ലെന്ന് ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുന്നതിനുപകരം ഡൽഹിയിലെ ഏതൊക്കെ പ്രദേശങ്ങളിലാണ് വൈദ്യുതി തടസം അനുഭവപ്പെടുന്നതെന്ന് വ്യക്തമാക്കാൻ അതിഷിയെ അദ്ദേഹം വെല്ലുവിളിച്ചു.
കൂടാതെ, വൈദ്യുതി മുടക്കം വരുത്തുകയോ അറ്റകുറ്റപ്പണികൾ അനാവശ്യമായി വൈകിപ്പിക്കുകയോ ചെയ്താൽ പുതിയ സർക്കാർ രൂപീകരിച്ചുകഴിഞ്ഞതിന് ശേഷം അന്വേഷണത്തിന് തയാറാകണമെന്ന് അദ്ദേഹം വൈദ്യുതി വിതരണ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി.
വൈദ്യുതി മുടക്കം സംബന്ധിച്ച് അതിഷിയും ആം ആദ്മി പാർട്ടിയിലെ മറ്റ് നേതാക്കളും തെറ്റായ വിവരങ്ങളും ആശയക്കുഴപ്പങ്ങളും പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണോ എന്നും സച്ച്ദേവ ചോദ്യമുന്നയിച്ചു.