സഹപ്രവർത്തകരെ കൊലപ്പെടുത്തി സിആർപിഎഫ് ജവാൻ ജീവനൊടുക്കി
Thursday, February 13, 2025 11:16 PM IST
ഇംഫാൽ: രണ്ടു സഹപ്രവർത്തകരെ വെടിവച്ചു കൊന്ന് സിആർപിഎഫ് ജവാൻ ജീവനൊടുക്കി. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള സിആർപിഎഫ് ക്യാമ്പിൽ വ്യാഴാഴ്ച രാത്രി 8.30നുണ്ടായ സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റു.
120 -ാം ബറ്റാലിയനിലെ ജവാൻ സഞ്ജയ് കുമാറാണ് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്. ഒരു സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളുമാണ് മരിച്ചതെന്നാണ് സൂചന. പരിക്കേറ്റവരെ ഇംഫാലിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്താൻ സിആർപിഎഫ് ഉത്തരവിട്ടു. പരിക്കേറ്റ ജവാൻമാരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.