പുതിയ ആദായ നികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; വ്യവസ്ഥകള്‍ ലഘൂകരിച്ചെന്ന് ധനമന്ത്രി
Thursday, February 13, 2025 3:35 PM IST
ന്യൂഡല്‍ഹി: ആദായ നികുതി നിയമത്തിന്റെ സമഗ്രപരിഷ്കരണം ലക്ഷ്യമിട്ട് തയാറാക്കിയ പുതിയ ബില്‍ ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ലില്‍ വ്യവസ്ഥകള്‍ ലഘൂകരിച്ചിട്ടുണ്ടെന്നും നികുതി ഘടന ലഘുവാക്കിയെന്നും മന്ത്രി അറിയിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
പഴയ നിയമപ്രകാരം മുൻ വർഷത്തെ (പ്രീവിയസ് ഇയർ) വരുമാനത്തിനാണ് വിലയിരുത്തൽ വർഷത്തിൽ (അസസ്മെന്റ് ഇയർ) നികുതി നൽകുന്നത്. എന്നാൽ, പുതിയ ബില്ലിൽ നികുതി വർഷം (ടാക്സ് ഇയർ) മാത്രമേയുള്ളൂ. വിലയിരുത്തൽ വർഷം എന്നത് ബില്ലിൽനിന്ന് ഒഴിവാക്കി.
കൂടാതെ ആധുനികകാലത്തെ മുന്നിൽക്കണ്ട് വെർച്വൽ ഡിജിറ്റൽ ആസ്തികൾ, ക്രിപ്റ്റോ ആസ്തികൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്താനും പുതിയ ബില്ലിൽ ശ്രമിച്ചിട്ടുണ്ട്. പുതിയ നിയമം 2025 ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം മാർച്ച് 10 വരെ ലോക്സഭ പിരിഞ്ഞു.