വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ
Wednesday, February 12, 2025 3:03 PM IST
സുൽത്താൻബത്തേരി: വയനാട്ടിൽ വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്. വയനാട്ടിൽ രൂക്ഷമാകുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. വന്യജീവി ആക്രമണങ്ങൾ രൂക്ഷമായിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി വയനാട്ട് അട്ടമലയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഏറാട്ടുകുണ്ട് ഉന്നതിയിലെ ആദിവാസി യുവാവായ ബാലൻ (27) മരിച്ചിരുന്നു. കേരള അതിർത്തിയോടു ചേർന്ന തമിഴ്നാട് അന്പലമൂല വെള്ളരിയിലെ നരിക്കൊല്ലി മെഴുകൻമൂല ഉന്നതിയിലെ മനുവും ചൊവ്വാഴ്ച കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്ന് ഹർത്താൽ പുരോഗമിക്കുകയാണ്.