സച്ചിനും മടങ്ങി, ഇനി പ്രതീക്ഷ സൽമാനിൽ; കേരളത്തിന് ആറുവിക്കറ്റ് നഷ്ടം
Wednesday, February 12, 2025 1:38 PM IST
പൂന: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കാഷ്മീരിനെതിരേ സമനില പിടിക്കാൻ കടുത്ത പ്രതിരോധത്തിൽ ബാറ്റ് ചെയ്ത് കേരളം. 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം വിവരം ലഭിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന നിലയിലാണ്.
അഞ്ചു റൺസുമായി സൽമാൻ നിസാറും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. അഞ്ചുവിക്കറ്റ് ശേഷിക്കെ 219 റണ്‍സ് പിന്നിലാണ് കേരളം. ആദ്യ ഇന്നിംഗ്സില്‍ നേടിയ ഒരു റൺ ലീഡിന്റെ ബലത്തിൽ സമനില പിടിച്ചാലും കേരളത്തിന് സെമി ഫൈനല്‍ കളിക്കാനാവും. അതിനാൽ വിക്കറ്റ് നഷ്ടമാകാതെ പിടിച്ചുനില്‍ക്കാനാണ് കേരളത്തിന്റെ ശ്രമം.
സമനിലയിലേക്ക് പ്രതിരോധത്തിലൂന്നിയാണ് കേരളം ബാറ്റിംഗ് തുടരുന്നത്. 183 പന്തിൽ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനും 162 പന്തിൽ 48 റൺസെടുത്ത നായകൻ സച്ചിൻ ബേബിയുമാണ് ടോപ് സ്കോറർമാർ. ഇരുവരെയും കൂടാതെ, രോഹൻ കുന്നുമ്മൽ (36), ഷോൺ റോജർ (ആറ്), ജലജ് സക്സേന (18). ആദിത്യ സർവാതെ (എട്ട്) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്.