അഹമ്മദാബാദിൽ ഇംഗ്ലണ്ടിനു ടോസ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്
Wednesday, February 12, 2025 1:23 PM IST
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലർ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി എന്നിവർക്കു പകരം കുൽദീപ് യാദവും വാഷിംഗ്ടൺ സുന്ദറും അർഷദീപ് സിംഗും അന്തിമ ഇലവനിലെത്തി. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇന്നും കളിക്കില്ല. അതേസമയം, ഇംഗ്ലണ്ട് ടീമിലും ഒരു മാറ്റമുണ്ട്. ജാമി ഓവർടണിനു പകരം ടോം ബാന്റൺ ടീമിലെത്തി.
പരന്പര 2-0ന് സ്വന്തമാക്കിയ ഇന്ത്യ മൂന്നിലും ജയിച്ച്, ആത്മവിശ്വാസത്തോടെ ചാന്പ്യൻസ് ട്രോഫിക്കുള്ള യാത്ര തിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. അതേസമയം, ഇംഗ്ലണ്ടാകട്ടെ തുടർതോൽവികളിൽനിന്നു മുക്തി നേടാനും.
ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ആശങ്കയകറ്റിയിരുന്നു. 300 റണ്‍സ് ചേസ് ചെയ്ത് ജയം നേടി ബാറ്റിംഗ് നിരയും കരുത്തു കാട്ടി.
ബാറ്റമാരെയും ബൗളർമാരെയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് അഹമ്മദാബാദിലേത്. തുടക്കത്തിൽ പേസർമാരെ തുണയ്ക്കുമെങ്കിലും പിന്നീട് ബാറ്റർമാർക്ക് അനുകൂലമാകുന്ന പിച്ചിൽ റണ്‍സ് പിറക്കും.
ഫോമില്ലായ്മ അലട്ടുന്ന കോഹ്ലിയുടെ തിരിച്ചുവരവിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ആദ്യമത്സരത്തിൽ പരിക്കിനെത്തുടർന്ന് കളിക്കാതിരുന്ന കോഹ്ലി കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തി. ചാന്പ്യൻസ് ട്രോഫിക്കു മുന്‍പുള്ള അവസാന മത്സരമെന്ന നിലയിലും കോഹ്ലിക്ക് സമ്മർദം സൃഷ്ടിക്കും.
89 റണ്‍സ് കൂടി നേടിയാൽ ഏകദിനത്തിൽ 14,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ബാറ്ററെന്ന റിക്കാർഡ് വിരാട് കോഹ്ലിയെ കാത്തിരിക്കുന്നു.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷദീപ് സിംഗ്, ഹർഷിത് റാണ.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ (ക്യാപ്റ്റൻ), ടോം ബാന്റൺ, ലിയാം ലിവിംഗ്സ്റ്റൺ, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്, മാർക്ക് വുഡ്, സാഖിബ് മഹ്മൂദ്.