മുട്ടിനിന്ന് കേരളം, വീഴ്ത്താൻ കിണഞ്ഞു ശ്രമിച്ച് ജമ്മു; ഏഴുവിക്കറ്റ് ബാക്കി
Wednesday, February 12, 2025 12:35 PM IST
പൂന: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കാഷ്മീരിനെതിരേ സമനില പിടിക്കാൻ കടുത്ത പ്രതിരോധത്തിൽ ബാറ്റ് ചെയ്ത് കേരളം. 399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന നിലയിലാണ്.
140 പന്തിൽ 42 റൺസുമായി നായകൻ സച്ചിൻ ബേബിയും ഏഴു റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിൽ. രോഹൻ കുന്നുമ്മൽ (36), അക്ഷയ് ചന്ദ്രൻ (48), ഷോൺ റോജർ (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്.
രണ്ട് സെഷനും ഏഴു വിക്കറ്റും ശേഷിക്കെ 253 റണ്‍സ് പിന്നിലാണ് കേരളം. ആദ്യ ഇന്നിംഗ്സില്‍ നേടിയ ഒരു റൺ ലീഡിന്റെ ബലത്തിൽ സമനില പിടിച്ചാലും കേരളത്തിന് സെമി ഫൈനല്‍ കളിക്കാനാവും. അതിനാൽ വിക്കറ്റ് നഷ്ടമാകാതെ പിടിച്ചുനില്‍ക്കാനാണ് കേരളത്തിന്റെ ശ്രമം.