കയര്‍ ബോര്‍ഡ് ജീവനക്കാരിയുടെ മരണം; ജോളിയുടെ എഴുതി പൂര്‍ത്തിയാക്കാത്ത കത്ത് പുറത്ത്
Wednesday, February 12, 2025 12:35 PM IST
കൊച്ചി: കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്തില്‍ പരാതി നല്കിയ ജീവനക്കാരി മരിച്ച സംഭവത്തില്‍ ജോളി മധുവിന്റെ ശബ്ദസന്ദേശവും എഴുതി പൂര്‍ത്തിയാക്കാത്ത കത്തും പുറത്ത്. തൊഴിലിടത്തെ മാനസിക പീഡനം വെളിപ്പെടുത്തുന്നതാണ് ശബ്ദ സന്ദേശത്തിലെ വിവരങ്ങള്‍.
അഴിമതിക്കെതിരേ പ്രതികരിച്ചതാണ് തനിക്കെതിരേ തിരിയാന്‍ കാരണമെന്നാണ് ജോളി മധു പറയുന്നത്. ചെയര്മാന് ഗോയലും മുന്‍ സെക്രട്ടറി ജിതേന്ദ്രയും തനിക്കെതിരേ നീങ്ങി. താന്‍ ആരെയും പറ്റിക്കാനോ കൈക്കൂലി വാങ്ങാനോ നിന്നിട്ടില്ലെന്നും ജോളിയുടെ ശബ്ദ സന്ദേശത്തിലുണ്ട്.
"ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്ക് ധൈര്യമില്ല.'
ബോധരഹിതയാകും മുമ്പ് ജോളി എഴുതി പൂര്‍ത്തിയാക്കാത്ത കത്തിലും തൊഴിലിടത്തെ മാനസിക പീഡനം തന്നെയാണ് എഴുതിയിരിക്കുന്നത്. "എന്റെ ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്ക് ധൈര്യമില്ല. എനിക്ക് പേടിയാണ്. പരസ്യമായി മാപ്പു പറയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാന്‍'.
അത് എന്റെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണ്. നിങ്ങളുടെ കരുണയ്ക്കായി ഞാന്‍ യാചിക്കുന്നു. എന്റെ വിഷമം മനസിലാക്കി ഇതില്‍നിന്ന് കരകയറാന്‍ എനിക്കു കുറച്ചുസമയം തരൂ', എന്നാണ് "സര്' എന്ന് അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന കത്തിലുള്ളത്.
"ഞാന്‍ വിനീതമായി...' എന്ന് ആരംഭിക്കുന്ന പൂര്‍ത്തിയാവാത്ത വരിയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഈ കുറിപ്പ് എഴുതി അവസാനിപ്പിക്കും മുമ്പാണ് ജോളി ബോധരഹിതയായത്. ഇംഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു ജോളി ബോധരഹിതയാകുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിലെ ജീവനക്കാരിയാണ് ജോളി മധു. ജോലിസ്ഥലത്തെ മാനസിക പീഡനത്തെത്തുടര്‍ന്ന് ഇവര്‍ പരാതി നല്‍കിയിരുന്നു. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.
കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്മാന്, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരേയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരേ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന് നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.