ഡാമുകള്‍ പ്രയോജനപ്പെടുത്തി സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റിയാസ്; നയം മാറ്റിയതില്‍ സന്തോഷമെന്ന് ചെന്നിത്തല
Wednesday, February 12, 2025 10:17 AM IST
തിരുവനന്തപുരം: സീ പ്ലെയിന്‍ പദ്ധതിയെ ചൊല്ലി നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ വാക്പോര്. ഡാമുകള്‍ പ്രയോജനപ്പെടുത്തി സീ പ്ലെയിന്‍ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞപ്പോള്‍ സ്വകാര്യ സര്‍വകലാശാലയെ എതിര്‍ത്തതുപോലെയാണ് സീപ്ലെയിനെയും ഇടതുപക്ഷം എതിര്‍ത്തതെന്ന് ചെന്നിത്തല തിരിച്ചടിച്ചു.
ഡാമുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് സീപ്ലെയിന്‍ എന്ന ആശയം മുന്നോട്ട് വന്നു. ബജറ്റില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കേരളത്തില്‍ നിരവധി ഡാമുകളുണ്ട്. മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് പദ്ധതി വിപുലീകരിക്കാനാകും. ഇതിലൂടെ വലിയ മാറ്റം സൃഷ്ടിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ വിദേശ സര്‍വകലാശാലകളെ മുമ്പ് എതിര്‍ക്കുകയും പിന്നീട് സ്വാഗതം ചെയ്യുകയും ചെയ്യുന്ന അതേ നിലപാടാണ് സീ പ്ലെയിന്റെ കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി സീ പ്ലെയിന്‍ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. അതിനെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തു. ഏതായാലും ഇപ്പോള്‍ മന്ത്രി നയം മാറ്റിയതില്‍ സന്തോഷമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു
എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുടെ ആലോചനയില്‍ പോരായ്മയുണ്ടായി. അത് പരിഹരിച്ച് ഡാമുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പദ്ധതി മുന്നോട്ടുവച്ചതെന്നായിരുന്നു മന്ത്രിയുടെ മറുപടി.