രഞ്ജി ട്രോഫി ; മുംബൈ, വിദർഭ, ഗുജറാത്ത് സെമിയിൽ
Tuesday, February 11, 2025 6:24 PM IST
മുംബൈ: വിദർഭ, മുംബൈ, ഗുജറാത്ത് ടീമുകൾ രഞ്ജി ട്രോഫി സെമിയിൽ പ്രവേശിച്ചു. സൗരാഷ്ട്രയെ ഇന്നിംഗ്സിനും 98 റൺസിനും പരാജയപ്പെടുത്തിയാണ് ഗുജറാത്ത് തങ്ങളുടെ രാജകീയ വരവറിയിച്ചത്.
സ്കോർ: സൗരാഷ്ട്ര 216,197. ഗുജറാത്ത് 511. സൗരാഷ്ട്രയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 216 റൺസിന് മറുപടി പറഞ്ഞ ഗുജറാത്ത് 511 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്ര 197 ന് പുറത്തായതോടെ ഗുജറാത്ത് സെമിയിലേക്ക് മാർച്ച് ചെയ്തു.
ഹരിയാനയെ 152 റൺസിന് തകർത്താണ് മുംബൈയുടെ വരവ്. സ്കോർ: മുംബൈ 315, 339. ഹരിയാന 301, 201. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 315 റൺസിന് മറുപടി പറഞ്ഞ ഹരിയാന 301 റൺസിന് എല്ലാവരും പുറത്തായി. 14 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച മുംബൈ 339 റൺസ് നേടി.
353 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഹരിയാന 201 റൺസിന് എല്ലാവരും പുറത്തായി. ലക്ഷ്യ സുമൻ ദലാൽ(64), സുമിത് കുമാർ(62) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. മുംബൈയുടെ ഷാർദുൽ താക്കൂറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
മറ്റൊരു മത്സരത്തിൽ തമിഴ്നാടിനെ 198 റൺസിന് തകർത്ത് വിദർഭയും സെമിയിൽ പ്രവേശിച്ചു. സ്കോർ: വിദർഭ 353, 272. തമിഴ്നാട് 225, 202. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിദർഭ കരുൺ നായരുടെ സെഞ്ചുറിക്കരുത്തിൽ 353 റൺസ് നേടിയിരുന്നു.
മറുപടി ബാറ്റ് ചെയ്ത തമിഴ്നാട് 272 റൺസിന് എല്ലാവരും കൂടാരം കയറി. അഞ്ചുവിക്കറ്റ് നേടിയ ആദിത്യ താക്കറെയാണ് തമിഴ്നാടിനെ തകർത്തത്. 128 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്ത വിദർഭ യാഷ് റാത്തോഡ് (112) സെഞ്ചുറിയുടെ പിൻവലത്തിൽ 272 റൺസ് നേടി.
401 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്ത തമിഴ്നാടിന് 202 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളു. ആർ. സോനു യാദവ് 57 റൺസ് നേടി. വിദർഭയ്ക്കായി നചികേത് ഭൂതേ, ഹർഷ് ദുബെ എന്നിവർ മൂന്നു വിക്കറ്റ് നേടി. ഇനി ജമ്മു കാഷ്മീർ - കേരളം ക്വാർട്ടർ ഫൈനൽ മത്സരം മാത്രമാണ് പൂർത്തിയാകാനുള്ളത്.