എറിഞ്ഞിടാൻ ജമ്മു; നിലയുറപ്പിച്ച് കേരളം
Tuesday, February 11, 2025 5:28 PM IST
പൂന: ജമ്മുകാഷ്മീർ - കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനൽ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ജമ്മു ഉയർത്തിയ 399 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന കേരളം നിലവിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സെടുത്തിട്ടുണ്ട്.
ക്യാപ്റ്റന്‍ സച്ചിന് ബേബി (19), അക്ഷയ് ചന്ദ്രന് (32) എന്നിവരാണ് ക്രീസില്‍. ഒരു ദിനവും എട്ട് വിക്കറ്റും കൈയിലിരിക്കെ കേരളത്തിന് വിജയിക്കണമെങ്കിൽ ഇനി 299 റണ്‍സു കൂടി വേണം. രണ്ടാമിന്നിംഗ്സിൽ ജമ്മു ഒമ്പതിന് 399 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ ജമ്മു ഒരു റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെ സെഞ്ചുറിയാണ് (132) ജമ്മുവിന് മികച്ച ലീഡ് സമ്മാനിച്ചത്. കനയ്യ വധാവന് (64), സഹില്‍ ലോത്ര (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
കേരളത്തിന് വേണ്ടി എം.ഡി.നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് സെമി ഫൈനലിൽ പ്രവേശിക്കാം.